Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദൈവാലയ നിർമ്മിതിക്കുള്ള സംഭാവനകൾ

1 പിന്നെ ദാവീദ്‌ രാജാവ് സർവ്വസഭയോടും പറഞ്ഞത്: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രെ.

2 എന്നാൽ ഞാൻ എന്‍റെ സർവ്വബലത്തോടും കൂടെ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനു വേണ്ടി പൊന്നു കൊണ്ടുള്ളവയ്ക്കു പൊന്നും, വെള്ളി കൊണ്ടുള്ളവയ്ക്കു വെള്ളിയും, താമ്രം കൊണ്ടുള്ളവയ്ക്കു താമ്രവും, ഇരിമ്പു കൊണ്ടുള്ളവയ്ക്കു ഇരിമ്പും, മരം കൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും, പതിക്കുവാനുള്ള കല്ലും അലങ്കരിക്കുന്നതിനുള്ള കല്ലും, നാനാവർണ്ണമുള്ള കല്ലും, വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു.

3 “എന്‍റെ ദൈവത്തിന്‍റെ ആലയത്തോട് എനിക്കുള്ള താത്പര്യം നിമിത്തം വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ, എന്‍റെ കൈവശമുള്ള പൊന്നും വെള്ളിയും ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനായി കൊടുത്തിരിക്കുന്നു.

4 ആലയഭിത്തികളെ, പൊന്നുകൊണ്ടു വേണ്ടത് പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടത് വെള്ളികൊണ്ടും പൊതിയുവാനും, അങ്ങനെ കരകൗശലപ്പണിക്കാരുടെ എല്ലാ പണിയ്ക്കുവേണ്ടിയും ഓഫീർപൊന്നായി മൂവായിരം (3,000) താലന്തു പൊന്നും ഏഴായിരം (7,000) താലന്തു ശുദ്ധീകരിച്ച വെള്ളിയും കൊടുത്തു.

5 എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്യുവാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?“

6 അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്‍റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്‍റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.

7 ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു പൊന്നും, പതിനായിരം (10,000) തങ്കക്കാശും, പതിനായിരം (10,000) താലന്തു വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു.

8 രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.

9 അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.

10 പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.

11 യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങേക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങേയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങേക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു.

12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങേയുടെ പ്രവൃത്തിയാകുന്നു.

13 ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു സ്തോത്രം ചെയ്തു അങ്ങേയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.

14 എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്‍റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങേയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേയ്ക്കു തന്നതേയുള്ളു.

15 ഞങ്ങൾ അങ്ങേയ്ക്കു മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.

16 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ വിശുദ്ധനാമത്തിനായി അങ്ങേയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങേക്കുള്ളതാകുന്നു.

17 എന്‍റെ ദൈവമേ; അങ്ങ് ഹൃദയത്തെ ശോധനചെയ്ത് പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്‍റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന അങ്ങേയുടെ ജനം അങ്ങേയ്ക്ക് മനഃപൂർവ്വമായി തന്നിരിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.

18 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അങ്ങേയുടെ ജനത്തിന്‍റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേ.

19 എന്‍റെ മകനായ ശലോമോൻ, അങ്ങേയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.”

20 പിന്നെ ദാവീദ് സർവ്വസഭയോടും: “ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ” എന്നു പറഞ്ഞു. അങ്ങനെ സഭമുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

21 പിന്നെ അവർ യഹോവയ്ക്കു ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവയ്ക്കു ഹോമയാഗമായി ആയിരം (1,000) കാളയെയും ആയിരം (1,000) ആട്ടുകൊറ്റനെയും ആയിരം (1,000) കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലാ യിസ്രായേലിനുംവേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.

22 അവർ അന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്‍റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവയ്ക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.

23 അങ്ങനെ ശലോമോൻ തന്‍റെ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്‍റെ വാക്കു കേട്ടനുസരിച്ചു.

24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌ രാജാവിന്‍റെ സകലപുത്രന്മാരും ശലോമോൻ രാജാവിനു കീഴ്പെട്ടു.

25 യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന് മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന് നല്കി.


ദാവീദിന്‍റെ ഭരണത്തിന്‍റെ ചുരുക്കം

26 ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണിരുന്നു.

27 അവൻ യിസ്രായേലിനെ വാണകാലം നാല്പതു വര്‍ഷം ആയിരുന്നു; അവൻ ഏഴു വര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും വാണു.

28 അവൻ വളരെ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്‍റെ മകനായ ശലോമോൻ അവനു പകരം രാജാവായി.

29 എന്നാൽ ദാവീദ്‌ രാജാവിന്‍റെ ആദ്യന്തവൃത്താന്തങ്ങളും, അവന്‍റെ രാജഭരണം ഒക്കെയും, അവന്‍റെ പരാക്രമപ്രവൃത്തികളും, അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങളിലുമുണ്ടായ എല്ലാ സംഭവങ്ങളും

30 ദർശകനായ ശമൂവേലിന്‍റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്‍റെ പുസ്തകത്തിലും ദർശകനായ ഗാദിന്‍റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan