Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ മുമ്പിലുള്ള ശുശ്രൂഷ

1 ഇങ്ങനെ അവർ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വച്ചു; പിന്നെ അവർ ദൈവത്തിന്‍റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

2 ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.

3 അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചു കൊടുത്തു.

4 അവൻ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

5 ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ പതിവായി കാഹളം ഊതി.

7 ദാവീദ് അന്നു തന്നെ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്‍റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി:

8 യഹോവയ്ക്കു സ്തോത്രം ചെയ്തു; അവിടുത്തെ നാമത്തെ ആരാധിപ്പിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ;

9 യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ; അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.

10 അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

11 യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ; അവിടുത്തെ മുഖം നിരന്തരം അന്വേഷിക്കുവിൻ.

12 അവിടുത്തെ ദാസനായ യിസ്രായേലിന്‍റെ സന്താനമേ, അവിടുന്നു തെരഞ്ഞെടുത്ത യാക്കോബ് പുത്രന്മാരേ,

13 അവിടുന്നു ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.

14 അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.

15 അവിടുത്തെ വചനം ആയിരം തലമുറയോളവും അവിടുത്തെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.

16 അബ്രാഹാമോടു അവിടുന്നു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.

17 അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

18 ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.

19 അവർ എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു.

20 അവർ ഒരു ജനതയെ വിട്ടു മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

21 ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല; അവർക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ച് പറഞ്ഞത്:

22 എന്‍റെ അഭിഷിക്തന്മാരെ തൊടരുത്; എന്‍റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.

23 സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ; ദിനംതോറും അവിടുത്തെ രക്ഷയെ പ്രസ്താവിപ്പിൻ.

24 ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.

25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

26 ജനതകളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു.

27 മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ട്.

28 ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ മഹത്വവും ശക്തിയും യഹോവയ്ക്ക് കൊടുക്കുവിൻ;

29 യഹോവയ്ക്ക് അവിടുത്തെ നാമത്തിന്‍റെ മഹത്വം കൊടുക്കുവിൻ; കാഴ്ചയുമായി അവിടുത്തെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.

30 സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

31 സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു അവർ ജനതകളുടെ മദ്ധ്യേ ഘോഷിക്കട്ടെ.

32 സമുദ്രവും അതിന്‍റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.

33 അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ.

34 യഹോവക്കു സ്തോത്രം ചെയ്യുവീൻ; അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു.

35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്‍റെ സ്തുതിയിൽ പുകഴുവാൻ ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടി ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ.

36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

37 ഇങ്ങനെ പെട്ടകത്തിന്‍റെ മുമ്പിൽ ദിവസംപ്രതിയുള്ള ശുശ്രൂഷ ആവശ്യംപോലെ നിർവ്വഹിക്കേണ്ടതിന് ആസാഫിനെയും അവന്‍റെ സഹോദരന്മാരെയും നിയമിച്ചു.

38 അവരോടൊപ്പം ഒബേദ്-ഏദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു (68) പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്‍റെ മകനായ ഓബേദ്-ഏദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.

39 പുരോഹിതനായ സാദോക്കിനെയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

40 അവന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവയ്ക്കു ഹോമയാഗം കഴിക്കുവാൻ നിയമിച്ചു.

41 അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.

42 അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്‍റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;

43 പിന്നെ സർവ്വജനവും ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു പോയി; ദാവീദും തന്‍റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan