Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദാവീദിന്‍റെ അനുയായികൾ

1 കീശിന്‍റെ മകനായ ശൗല്‍ കാരണം ദാവീദ് ഒളിച്ചു താമസിച്ചിരുന്നപ്പോൾ സിക്ലാഗിൽ അവന്‍റെ അടുക്കൽ വന്നവർ വീരന്മാരുടെ കൂട്ടത്തിൽ യുദ്ധത്തിൽ അവനെ സഹായിച്ചു

2 അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിയുവാനും വില്ലുകൊണ്ടു അമ്പെയ്യുവാനും സമർത്ഥന്മാർ ആയിരുന്നു. അവർ ബെന്യാമീന്യരായ ശൗലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു.

3 തലവനായ അഹീയേസെർ, യോവാശ്, ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്‍റെ പുത്രന്മാരായ യസീയേൽ, പേലെത്ത് എന്നിവരും ബെരാഖാ, അനാഥോത്യൻ യേഹൂ.

4 മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവ്, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

5 എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,

6 എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;

7 ഗെദോരിൽനിന്നുള്ള യെരോഹാമിന്‍റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,

8 പരിചയും കുന്തവും എടുക്കുവാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

9 അവരുടെ തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്,

10 നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവ്,

11 ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,

12 എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,

13 പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി.

14 ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരം പേർക്കും മതിയായവൻ.

15 അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.

16 ചില ബെന്യാമീന്യരും യെഹൂദ്യരും രക്ഷാസങ്കേതത്തിൽ ദാവീദിന്‍റെ അടുക്കൽ വന്നു.

17 ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോട്: “നിങ്ങൾ എന്നെ സഹായിക്കുവാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്‍റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്‍റെ കയ്യിൽ അന്യായം ഒന്നും ഇല്ല. എങ്കിലും നിങ്ങൾ എന്നെ ശത്രുക്കൾക്ക് കാണിച്ചു കൊടുക്കുകയാണെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു.

18 അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവ് വന്നു: “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായിപുത്രാ, നിന്‍റെ പക്ഷക്കാർ തന്നെ; സമാധാനം, നിനക്കു സമാധാനം; നിന്‍റെ സഹായികൾക്കും സമാധാനം; നിന്‍റെ ദൈവമല്ലോ നിന്നെ സഹായിക്കുന്നത്” എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ സ്വീകരിച്ച് പടക്കൂട്ടത്തിന് നായകന്മാരാക്കി.

19 ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന് എതിരെ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശെയരിൽ ചിലരും അവനോട് ചേർന്നു; ഫെലിസ്ത്യ പ്രഭുക്കന്മാർ അവരെ സഹായിച്ചില്ല; കാരണം ദാവീദ് നമ്മുടെ തലയും കൊണ്ടു തന്‍റെ യജമാനനായ ശൗലിന്‍റെ പക്ഷം തിരിയും എന്നു പറഞ്ഞു അവർ അവനെ അയച്ചുകളഞ്ഞു.

20 അങ്ങനെ അവൻ സീക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോട് ചേർന്നു.

21 അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു.

22 ദാവീദിനെ സഹായിക്കേണ്ടതിനു എല്ലാ ദിവസവും ആളുകൾ അവന്‍റെ അടുക്കൽ വന്നു. ഒടുവിൽ ദൈവത്തിന്‍റെ സൈന്യംപോലെ വലിയോരു സൈന്യമായിത്തീർന്നു.

23 യഹോവയുടെ വചനം അനുസരിച്ച് ശൗലിന്‍റെ രാജത്വം ദാവീദിന് നൽകുവാൻ യുദ്ധത്തിന് തയ്യാറായി ഹെബ്രോനിൽ അവന്‍റെ അടുക്കൽ വന്ന ആയുധധാരികളായ പടയാളികളുടെ കണക്ക്:

24 പരിചയും കുന്തവും വഹിച്ച് യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തിഎണ്ണൂറു (6,800) പേർ.

25 ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തിഒരുനൂറു (7,100) പേർ.

26 ലേവ്യരിൽ നാലായിരത്തിഅറുനൂറു (4,600) പേർ,

27 അഹരോന്യരിൽ പ്രഭുവായ യെഹോയാദായും അവനോടുകൂടെ മൂവായിരത്തിഎഴുനൂറു (3,700) പേർ.

28 പരാക്രമശാലിയും യുവാവുമായ സാദോക്ക്, അവന്‍റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.

29 ശൗലിന്‍റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം (3,000) പേർ; അവരിൽ കൂടുതൽ പേരും ശൗലിന്‍റെ കുടുംബത്തോട് അതുവരെ വിശ്വസ്തരായിരുന്നു.

30 എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരായ ഇരുപതിനായിരത്തിഎണ്ണൂറുപേർ (20,800).

31 മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം (18,000) പേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി ചുമതലപ്പെടുത്തിയിരുന്നു.

32 യിസ്രായേൽ കാലത്തിനനുസരിച്ച് എന്തു ചെയ്യേണം എന്നു അറിവുള്ള യിസ്സാഖാര്യരുടെ തലവന്മാർ ഇരുനൂറുപേർ (200). അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു.

33 സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന് പുറപ്പെട്ടവർ അമ്പതിനായിരം (50,000) പേർ.

34 നഫ്താലിയിൽ നായകന്മാർ ആയിരം (1,000) പേർ; അവരോടുകൂടെ പരിചയും കുന്തവും വഹിച്ചവർ മുപ്പത്തേഴായിരം (37,000) പേർ.

35 ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തിഅറുനൂറു (28,600) പേർ.

36 ആശേരിൽ യുദ്ധസന്നദ്ധരായി പടക്ക് പുറപ്പെട്ടവർ നാല്പതിനായിരം (40,000) പേർ.

37 യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ഒരുലക്ഷത്തിഇരുപതിനായിരം (1,20,000) പേർ.

38 അണിനിരക്കുവാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിന്‍റെയും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള എല്ലാ യിസ്രായേലും ദാവീദിനെ രാജാവാക്കേണ്ടതിന് ഐകമത്യപ്പെട്ടിരുന്നു.

39 അവരുടെ സഹോദരന്മാർ അവർക്ക് വേണ്ടി വിഭവങ്ങൾ ഒരുക്കിയിരുന്നതിനാൽ അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നുദിവസം പാർത്തു.

40 യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നു. അതുകൊണ്ട് സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവരോടുകൂടെ കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan