Biblia Todo Logo
Online Bible

- Advertisements -


ഫിലിപ്പിയർ 1 - സത്യവേദപുസ്തകം OV Bible (BSI)

1 ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്:

2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3 ഞാൻ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർഥിച്ചും

4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.

5 ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം

6 ഞാൻ നിങ്ങളെ ഓർക്കുമ്പോഴൊക്കെയും എന്റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.

7 കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെയൊക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ട് അങ്ങനെ നിങ്ങളെയെല്ലാവരെയും കുറിച്ച് വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ.

8 ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാൺമാൻ എത്ര വാഞ്ഛിക്കുന്നു എന്നതിനു ദൈവം സാക്ഷി.

9 നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർധിച്ചു വന്നിട്ട്

10 നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും

11 ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായിത്തീരേണം എന്നും ഞാൻ പ്രാർഥിക്കുന്നു.

12 സഹോദരന്മാരേ, എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.

13 എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിലൊക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും

14 സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.

15 ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ.

16 അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താൽ ചെയ്യുന്നു.

17 മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്?

18 നാട്യമായിട്ടോ പരമാർഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.

19 നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാൻ അറിയുന്നു.

20 അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളൂ എന്ന് പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു.

21 എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.

22 എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലയ്ക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടൂ എന്ന് ഞാൻ അറിയുന്നില്ല.

23 ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ.

24 എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം.

25 ഇങ്ങനെ ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.

26 അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർധിപ്പാൻ ഇടയാകും.

27 ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്ന് എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി പോരാട്ടം കഴിക്കുന്നു എന്ന് ഗ്രഹിക്കേണ്ടതിനു ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിൻ.

28 ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു;

29 അത് ദൈവംതന്നെ വച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനുംകൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.

30 നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Follow us:



Advertisements