Biblia Todo Logo
Online Bible

- Advertisements -


ഫിലിപ്പിയർ 3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യഥാർത്ഥ നീതി

1 ഒടുവിൽ എന്‍റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ. അതേ കാര്യം നിങ്ങൾക്ക് പിന്നെയും എഴുതുന്നതിൽ എനിക്ക് മടുപ്പില്ല; അത് നിങ്ങൾക്ക് സംരക്ഷണം ആകുന്നു.

2 നായ്ക്കളെ സൂക്ഷിക്കുവിൻ; ദുഷ്ടവേലക്കാരെ സൂക്ഷിക്കുവിൻ; അംഗച്ഛേദനക്കാരെ സൂക്ഷിക്കുവിൻ.

3 എന്തെന്നാൽ നാമല്ലോ സത്യപരിച്ഛേദനക്കാർ; ദൈവാത്മാവിൽ ആരാധിക്കുകയും ക്രിസ്തുയേശുവിൽ പ്രശംസിക്കുകയും ജഡത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന നാം തന്നെ.

4 എന്നിരുന്നാലും, എനിക്ക് ജഡത്തിലും ആശ്രയിക്കുവാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്ക് അധികം.

5 എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യാമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ച് പരീശൻ;

6 ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ.

7 എങ്കിലും എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം നഷ്ടം എന്നു എണ്ണിയിരിക്കുന്നു.

8 അത്രയുമല്ല, എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം നഷ്ടം എന്നു എണ്ണുന്നു. അവനുവേണ്ടി ഞാൻ എല്ലാ നഷ്ടവും അനുഭവിക്കുകയും, ക്രിസ്തുവിനെ നേടേണ്ടതിനും,

9 ന്യായപ്രമാണത്തിൽനിന്നുള്ള എന്‍റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം, ദൈവം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന നീതി തന്നെ ലഭിച്ച്,

10 അവനിൽ ഇരിക്കേണ്ടതിനും, അവന്‍റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശക്തിയെയും

11 അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും, അങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം ഞാൻ പ്രാപിക്കേണ്ടതിനും തന്നെ സകലവും ചവറായി കണക്കാക്കുകയും ചെയ്യുന്നു.

12 ഇവ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളു.

13 സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.

14 എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.

15 നമ്മിൽ തികഞ്ഞവർക്ക് ഒക്കെയും ഈ മനോഭാവം ഉണ്ടാകട്ടെ; വല്ലതിലും നിങ്ങൾക്ക് വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും.

16 എന്നിരുന്നാലും നാം പ്രാപിച്ചിരിക്കുന്നതനുസരിച്ചു തന്നെ നടക്കുക.

17 സഹോദരന്മാരേ, എന്നെ അനുകരിക്കുന്നതിൽ ചേരുക; ഞങ്ങൾ നിങ്ങൾക്ക് കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും ശ്രദ്ധിച്ചുകൊള്ളുവിൻ.

18 എന്തെന്നാൽ, ഞാൻ പലപ്പോഴും നിങ്ങളോട് പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്‍റെ ക്രൂശിൻ്റെ ശത്രുക്കളായിരിക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ട് പറയുന്നു.

19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു; അവരുടെ മനസ്സ് ഭൂമിയിലുള്ള കാര്യങ്ങളിലാകുന്നു.

20 നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; കർത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവ് അവിടെനിന്നും വരുമെന്ന് നാം താല്പര്യത്തോടെ കാത്തിരിക്കുന്നു.

21 സകലവും തനിക്കു കീഴ്പെടുത്തുവാനും കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ട്, നമ്മുടെ താഴ്ചയുള്ള ശരീരത്തെ, തന്‍റെ മഹത്വമുള്ള ശരീരത്തോടനുരൂപമായി അവൻ രൂപാന്തരപ്പെടുത്തും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Follow us:



Advertisements