സങ്കീർത്തനങ്ങൾ 46 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)സംഗീതപ്രമാണിക്കു; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. 1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. 2 അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, 3 അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല. 4 ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു. 5 ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും. 6 ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ. 8 വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! 9 അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു. 10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.