Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 30 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)


ഭവനപ്രതിഷ്ടാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.

2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.

3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.

4 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ.

5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.

6 ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.

7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി.

8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.

9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?

10 യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.

11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.

12 ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Následuj nás:



Reklamy