സങ്കീർത്തനങ്ങൾ 147 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ. 2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 3 മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. 4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. 5 നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന്നു അന്തമില്ല. 6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു. 7 സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്‌വിൻ; 8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. 9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. 10 അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല. 11 തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക; 13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. 14 അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു. 15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. 16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. 17 അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ? 18 അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു. 19 അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 20 അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.