സങ്കീർത്തനങ്ങൾ 140 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ. 2 അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു; 3 അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ. 4 യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. 5 ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ. 6 നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ. 7 എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു. 8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ. 9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ. 10 തീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ. 11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. 12 യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. 13 അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.