Online Bible

- Reklamy -

സദൃശവാക്യങ്ങൾ 16 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.

2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.

4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

5 ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.

6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.

9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.

11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

12 ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.

14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.

16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

18 നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.

19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.

22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.

24 ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;

25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.

27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.

28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.

31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Následuj nás:



Reklamy