Online Bible

- Reklamy -

ഉൽപത്തി 33 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി.

2 അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി.

3 അവൻ അവർക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.

4 ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.

5 പിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു.

6 അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;

7 ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.

8 ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു.

9 അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.

10 അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;

11 ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.

12 പിന്നെ അവൻ: നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.

13 അതിന്നു അവൻ അവനോടു: കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.

14 യജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു.

15 എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്റെ കൃപയുണ്ടായാൽ മതി എന്നു അവൻ പറഞ്ഞു.

16 അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.

17 യാക്കോബോ സുക്കോത്തിന്നു യാത്ര പുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതുകൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേർ പറയുന്നു.

18 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.

19 താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.

20 അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Následuj nás:



Reklamy