സങ്കീർത്തനങ്ങൾ 46 - സത്യവേദപുസ്തകം OV Bible (BSI)സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. 1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. 2 അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പർവതങ്ങൾ കുലുങ്ങി സമുദ്രമധ്യേ വീണാലും, 3 അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല. 4 ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു. 5 ദൈവം അതിന്റെ മധ്യേ ഉണ്ട്; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും. 6 ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ. 8 വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! 9 അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു; അവൻ വില്ലാടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു. 10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India