സങ്കീർത്തനങ്ങൾ 39 - സത്യവേദപുസ്തകം OV Bible (BSI)യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു. 2 ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു. 3 എന്റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു. 4 യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. 5 ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ. 6 മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല. 7 എന്നാൽ കർത്താവേ, ഞാൻ ഏതിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു. 8 എന്റെ സകല ലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വയ്ക്കരുതേ. 9 ഞാൻ വായ്തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയത്. 10 നിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്റെ കൈയുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു. 11 അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ. 12 യഹോവേ, എന്റെ പ്രാർഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. 13 ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിനു മുമ്പേ ഉന്മേഷം പ്രാപിക്കേണ്ടതിനു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India