സങ്കീർത്തനങ്ങൾ 30 - സത്യവേദപുസ്തകം OV Bible (BSI)ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല. 2 എന്റെ ദൈവമായ യഹോവേ; ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. 3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിനു നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. 4 യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിൻ. 5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. 6 ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്ന് എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു. 7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറച്ചു, ഞാൻ ഭ്രമിച്ചുപോയി. 8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു. 9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്തു ലാഭമുള്ളൂ? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ? 10 യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ. 11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. 12 ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India