Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 148 - സത്യവേദപുസ്തകം OV Bible (BSI)

1 യഹോവയെ സ്തുതിപ്പിൻ; സ്വർഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

2 അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവസൈന്യവുമേ, അവനെ സ്തുതിപ്പിൻ;

3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.

4 സ്വർഗാധിസ്വർഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.

5 അവൻ കല്പിച്ചിട്ട് അവ സൃഷ്‍ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

6 അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചുമിരിക്കുന്നു.

7 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.

8 തീയും കന്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,

9 പർവതങ്ങളും സകല കുന്നുകളും, ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,

10 മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,

11 ഭൂമിയിലെ രാജാക്കന്മാരും സകല വംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകല ന്യായാധിപന്മാരും,

12 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,

13 ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.

14 തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകല ഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy