സങ്കീർത്തനങ്ങൾ 140 - സത്യവേദപുസ്തകം OV Bible (BSI)സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, ദുഷ്ടമനുഷ്യന്റെ കൈയിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരന്റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ. 2 അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു. 3 അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ. 4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. 5 ഗർവികൾ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. 6 നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ. 7 എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു. 8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ. 9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,- അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ. 10 തീക്കനൽ അവരുടെമേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ. 11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർഥം നായാടി ഉന്മൂലനാശം വരുത്തും. 12 യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. 13 അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India