Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 138 - സത്യവേദപുസ്തകം OV Bible (BSI)


ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞാൻ പൂർണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും. നിന്റെ നാമത്തിനു മീതെയൊക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.

3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരമരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

4 യഹോവേ, ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ വായിൻവചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.

5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.

6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവിയെയോ അവൻ ദൂരത്തുനിന്ന് അറിയുന്നു.

7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും; നിന്റെ വലംകൈ എന്നെ രക്ഷിക്കും.

8 യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy