Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 132 - സത്യവേദപുസ്തകം OV Bible (BSI)


ആരോഹണഗീതം.

1 യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ.

2 അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭനു നേർന്നത് എന്തെന്നാൽ:

3 ഞാൻ യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ

4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5 ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കയില്ല.

6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്ത് അതിനെ കണ്ടെത്തിയല്ലോ.

7 നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.

8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ.

9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

10 നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചുകളയരുതേ.

11 ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും

12 നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

13 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.

14 അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും.

15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തിവരുത്തും.

16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കീട്ടുമുണ്ട്.

18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy