സങ്കീർത്തനങ്ങൾ 113 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ. 2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ. 3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 4 യഹോവ സകല ജാതികൾക്കും മീതെയും അവന്റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയർന്നിരിക്കുന്നു. 5 ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശൻ ആരുള്ളൂ? 6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. 7 അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; 8 പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു. 9 അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിൻ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India