Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 108 - സത്യവേദപുസ്തകം OV Bible (BSI)


ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ട് ഞാൻ കീർത്തനം പാടും.

2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും.

3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം പാടും.

4 നിന്റെ ദയ ആകാശത്തിനുമീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

5 ദൈവമേ, നീ ആകാശത്തിനുമീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്ത്വം സർവഭൂമിക്കും മീതെ തന്നെ.

6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്ക് ഉത്തരമരുളേണമേ.

7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്തുതാഴ്‌വരയെ അളക്കും.

8 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

9 മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം കൊള്ളും.

10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആർ വഴിനടത്തും?

11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.

12 വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർഥമല്ലോ.

13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy