സദൃശവാക്യങ്ങൾ 9 - സത്യവേദപുസ്തകം OV Bible (BSI)1 ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴു തൂൺ തീർത്തു. 2 അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു. 3 അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചുപറയിക്കുന്നതു: 4 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നത്; 5 വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിൻ! 6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗത്തിൽ നടന്നുകൊൾവിൻ. 7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവനു കറ പറ്റുന്നു. 8 പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും. 9 ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. 11 ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സ് ഉണ്ടാകും. 12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നുവെങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും. 13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 14 തങ്ങളുടെ പാതയിൽ നേരേ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിനു 15 അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതിൽക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. 16 അല്പബുദ്ധിയായവൻ ഇങ്ങോട്ടുവരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നത്; 17 മോഷ്‍ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു. 18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India