സദൃശവാക്യങ്ങൾ 6 - സത്യവേദപുസ്തകം OV Bible (BSI)1 മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, 2 നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു. 3 ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക; കൂട്ടുകാരന്റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക. 4 നിന്റെ കണ്ണിന് ഉറക്കവും നിന്റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്. 5 മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക, 6 മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക. 7 അതിനു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും 8 വേനൽക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ തീൻ ശേഖരിക്കുന്നു. 9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും? 10 കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക. 11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും. 12 നിസ്സാരനും ദുഷ്കർമിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. 13 അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. 14 അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു. 15 അതുകൊണ്ട് അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല. 16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: 17 ഗർവമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 19 ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ. 20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്. 21 അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. 22 നീ നടക്കുമ്പോൾ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. 23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു. 24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. 25 അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്; അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കയുമരുത്. 26 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 27 ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? 28 ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? 29 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല. 30 കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. 31 അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവകയൊക്കെയും കൊടുക്കാം. 32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. 33 പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല. 34 ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളയ്ക്കുകയില്ല. 35 അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India