സദൃശവാക്യങ്ങൾ 31 - സത്യവേദപുസ്തകം OV Bible (BSI)1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്. 2 മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ, എന്ത്? 3 സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുത്. 4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുത്; ലെമൂവേലേ, രാജാക്കന്മാർക്ക് അത് കൊള്ളരുത്; മദ്യാസക്തി പ്രഭുക്കന്മാർക്ക് കൊള്ളരുത്. 5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്. 6 നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക. 7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ. 8 ഊമനുവേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നെ. 9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക. 10 സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. 11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല. 12 അവൾ തന്റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു. 13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താൽപര്യത്തോടെ കൈകൊണ്ടു വേല ചെയ്യുന്നു. 14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു. 15 അവൾ നന്നാ രാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരത്തികൾക്ക് ഓഹരിയും കൊടുക്കുന്നു. 16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അതു മേടിക്കുന്നു; കൈനേട്ടംകൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. 17 അവൾ ബലംകൊണ്ട് അര മുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു. 18 തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല. 19 അവൾ വിടുത്തലയ്ക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു. 20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. 21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ. 22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. 23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു. 24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. 25 ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു. 26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്. 27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്ന് അഹോവൃത്തി കഴിക്കുന്നില്ല. 28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്: 29 അനേകം തരുണികൾ സാമർഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു. 30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. 31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India