സദൃശവാക്യങ്ങൾ 18 - സത്യവേദപുസ്തകം OV Bible (BSI)1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു. 2 തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല. 3 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. 4 മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. 5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിനു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. 6 മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. 7 മൂഢന്റെ വായ് അവനു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണനു കെണി. 8 ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. 9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. 10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. 11 ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. 12 നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ. 13 കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. 14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം? 15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. 16 മനുഷ്യൻ വയ്ക്കുന്ന കാഴ്ചയാൽ അവനു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്ന് അവനെ പരിശോധിക്കും. 18 ചീട്ട് തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേർപെടുത്തുകയും ചെയ്യുന്നു. 19 ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നെ. 20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും; 21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. 22 ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു. 23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India