ന്യായാധിപന്മാർ 1 - സത്യവേദപുസ്തകം OV Bible (BSI)1 യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധം ചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു. 2 യെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് യഹോവ കല്പിച്ചു. 3 യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട്: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്‍വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോൻ അവനോടുകൂടെ പോയി. 4 അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏല്പിച്ചു; അവർ ബേസെക്കിൽവച്ച് അവരിൽ പതിനായിരം പേരെ സംഹരിച്ചു. 5 ബേസെക്കിൽവച്ച് അവർ അദോനീ-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധം ചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു. 6 എന്നാൽ അദോനീ-ബേസെക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ച് അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു. 7 കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി, അവിടെവച്ച് അവൻ മരിച്ചു. 8 യെഹൂദാമക്കൾ യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്ത് അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു. 9 അതിന്റെശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കേ ദേശത്തിലും താഴ്‌വീതിയിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാൻ പോയി. 10 യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരേയും ചെന്നു; ഹെബ്രോന് പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേർ. അവർ ശേശായി, അഹീമാൻ, തൽമായി എന്നവരെ സംഹരിച്ചു. 11 അവിടെനിന്ന് അവർ ദെബീർനിവാസികളുടെ നേരേ ചെന്നു; ദെബീരിന് പണ്ടു കിര്യത്ത്-സേഫെർ എന്നു പേർ. 12 അപ്പോൾ കാലേബ്: കിര്യത്ത്-സേഫെർ ജയിച്ചടക്കുന്നവനു ഞാൻ എന്റെ മകൾ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു. 13 കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സായെ അവനു ഭാര്യയായി കൊടുത്തു. 14 അവൾ വന്നപ്പോൾ തന്റെ അപ്പനോട് ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു. 15 അവൾ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻനാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകൾ കൊടുത്തു. 16 മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു. 17 പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിർമ്മൂലമാക്കി; ആ പട്ടണത്തിന് ഹോർമ്മാ എന്നു പേരിട്ടു. 18 യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു. 19 യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്‌വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല. 20 മോശെ കല്പിച്ചതുപോലെ അവർ കാലേബിനു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു. 21 ബെന്യാമീൻമക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു. 22 യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. 23 യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിനു മുമ്പേ ലൂസ് എന്നു പേരായിരുന്നു. 24 പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ട് അവനോട്: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു. 25 അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു; ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു; 26 അവൻ ഹിത്യരുടെ ദേശത്തു ചെന്ന് ഒരു പട്ടണം പണിത് അതിനു ലൂസ് എന്നു പേരിട്ടു; അതിന് ഇന്നുവരെ അതുതന്നെ പേർ. 27 മനശ്ശെ ബേത്ത്-ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ലെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ പാർപ്പാനുള്ള താൽപര്യം സാധിച്ചു. 28 എന്നാൽ യിസ്രായേലിനു ബലം കൂടിയപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു. 29 എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. 30 സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്ന് അവരുടെ ഇടയിൽ പാർത്തു. 31 ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബായിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. 32 അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. 33 നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികൾ അവർക്ക് ഊഴിയവേലക്കാരായിത്തീർന്നു. 34 അമോര്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്‌വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല. 35 അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിനു ബലം കൂടിയപ്പോൾ അവരെ ഊഴിയവേലക്കാരാക്കിത്തീർത്തു. 36 അമോര്യരുടെ അതിർ അക്രബ്ബീംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India