പുറപ്പാട് 31 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: 2 ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. 3 അവൻ കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും 4 രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്‍വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും 5 ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർഥ്യവുംകൊണ്ടു നിറച്ചിരിക്കുന്നു. 6 ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു കല്പിച്ചതൊക്കെയും അവർ ഉണ്ടാക്കും. 7 സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളൊക്കെയും 8 മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും ധൂപപീഠവും 9 ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും 10 വിശേഷവസ്ത്രങ്ങളും പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട് അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും 11 അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗവും ഞാൻ നിന്നോടു കല്പിച്ചതുപോലെയൊക്കെയും അവർ ഉണ്ടാക്കും. 12 യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്ന് അറിയേണ്ടതിന് അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മധ്യേ ഒരു അടയാളം ആകുന്നു. 13 അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു. 14 അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം. 15 ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്തുനാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം. 16 ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ട് ആചരിക്കേണ്ടതിനു ശബ്ബത്തിനെ പ്രമാണിക്കേണം. 17 അത് എനിക്കും യിസ്രായേൽമക്കൾക്കും മധ്യേ എന്നേക്കും ഒരു അടയാളമാകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു. 18 അവൻ സീനായിപർവതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India