Online Bible

- Reklamy -

ആവർത്തനം 27 - സത്യവേദപുസ്തകം OV Bible (BSI)

1 മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ.

2 നിങ്ങൾ യോർദ്ദാൻ കടന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം:

3 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.

4 ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ട് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽ പർവതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം.

5 അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്.

6 ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങൾ അർപ്പിക്കേണം.

7 സമാധാനയാഗങ്ങളും അർപ്പിച്ച് അവിടെവച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;

8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

9 മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു.

10 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

11 അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:

12 നിങ്ങൾ യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീം പർവതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.

13 ശപിപ്പാൻ ഏബാൽപർവതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.

14 അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:

15 ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്ന് ഉത്തരം പറയേണം.

16 അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

17 കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

18 കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

19 പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

20 അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

21 വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

22 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

23 അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

24 കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

25 കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy