Online Bible

- Reklamy -

ആവർത്തനം 19 - സത്യവേദപുസ്തകം OV Bible (BSI)

1 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ

2 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേർതിരിക്കേണം.

3 ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

4 കൊല ചെയ്തിട്ട് അവിടേക്ക് ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ,

5 എങ്ങനെയെന്നാൽ: മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരം വെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരിത്തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ,

6 ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്ന് വഴിയുടെ ദൂരം നിമിത്തം അവനെ പിടിച്ച് അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന് അവനോടു പൂർവദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്കു ഹേതുവില്ല.

7 അതുകൊണ്ട് മൂന്നു പട്ടണം വേർതിരിക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.

8 നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ

9 നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശമൊക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറേയും മൂന്നു വേർതിരിക്കേണം.

10 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് കുറ്റമില്ലാത്ത രക്തം ചിന്നീട്ട് നിന്റെമേൽ രക്തപാതകം ഉണ്ടാകരുത്.

11 എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ച് തരംനോക്കി അവനോടു കയർത്ത് അവനെ അടിച്ചുകൊന്നിട്ട് ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,

12 അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ച് അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്റെ കൈയിൽ ഏല്പിക്കേണം.

13 നിനക്ക് അവനോടു കനിവു തോന്നരുത്; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം.

14 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവന്മാർ വച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുത്.

15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിനോ പാപത്തിനോ അവന്റെ നേരേ ഏകസാക്ഷി നില്ക്കരുത്; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.

16 ഒരുത്തന്റെ നേരേ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവനു വിരോധമായി എഴുന്നേറ്റാൽ

17 തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്ക്കേണം.

18 ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ

19 അവൻ സഹോദരനു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

20 ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന് ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം.

21 നിനക്കു കനിവു തോന്നരുത്; ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy