Online Bible

- Reklamy -

2 രാജാക്കന്മാർ 7 - സത്യവേദപുസ്തകം OV Bible (BSI)

1 അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന് അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു.

3 അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?

4 പട്ടണത്തിൽ ചെല്ലുക എന്നു വന്നാൽ പട്ടണത്തിൽ ക്ഷാമമായിരിക്കകൊണ്ടു നാം അവിടെവച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളൂ എന്നു പറഞ്ഞു.

5 അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ട് അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാൺമാനില്ല.

6 കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരേ വരേണ്ടതിനു യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

7 അതുകൊണ്ട് അവർ സന്ധ്യാസമയത്തുതന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോയി.

8 ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്ത് എത്തി ഒരു കൂടാരത്തിനകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിനകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.

9 പിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റംവരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.

10 അങ്ങനെ അവർ പട്ടണവാതിൽക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു.

11 അവൻ കാവല്ക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.

12 രാജാവ് രാത്രിയിൽതന്നെ എഴുന്നേറ്റു ഭൃത്യന്മാരോട്: അരാമ്യർ നമ്മോട് ഇച്ചെയ്തത് എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവർ അറിഞ്ഞിട്ട്: അവർ പട്ടണത്തിൽനിന്നു പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറച്ച് അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.

13 അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകല പുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകല പുരുഷാരവും എന്നപോലെ ഇരിക്കും എന്ന് ഉത്തരം പറഞ്ഞു.

14 അങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടിക്കൊണ്ടു വന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.

15 അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റുസാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.

16 അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു.

17 രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി.

18 നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിനു രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ

19 ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന് അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.

20 അവ്വണ്ണംതന്നെ അവനു ഭവിച്ചു; പടിവാതിൽക്കൽ വച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy