Online Bible

- Reklamy -

2 ദിനവൃത്താന്തം 3 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിനു യഹോവ പ്രത്യക്ഷനായ മോറിയാപർവതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.

2 തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയതിയായിരുന്നു അവൻ പണി തുടങ്ങിയത്.

3 ദൈവാലയം പണിയേണ്ടതിനു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.

4 മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിഇരുപത് മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.

5 വലിയ ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.

6 അവൻ ഭംഗിക്കായിട്ട് ആലയത്തെ രത്നംകൊണ്ട് അലങ്കരിച്ചു; പൊന്നോ പർവ്വയീം പൊന്ന് ആയിരുന്നു.

7 അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.

8 അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്ക് ഒത്തവണ്ണം ഇരുപത് മുഴവും, വീതി ഇരുപത് മുഴവും ആയിരുന്നു; അവൻ അറുനൂറ് താലന്ത് തങ്കംകൊണ്ട് അതു പൊതിഞ്ഞു.

9 ആണികളുടെ തൂക്കം അമ്പത് ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.

10 അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.

11 കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറക് ആലയത്തിന്റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ച് മുഴവും ആയിരുന്നു:

12 മറ്റേ കെരൂബിന്റെ ഒരു ചിറക് ആലയത്തിന്റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.

13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപത് മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

14 അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ട് തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.

15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ച് മുഴം ഉയരമുള്ള രണ്ട് സ്തംഭം ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതികയ്ക്ക് അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.

16 അന്തർമന്ദിരത്തിൽ ഉള്ളതുപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലയ്ക്കൽ വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.

17 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേത് ഇടത്തും നിർത്തി; വലത്തേതിനു യാഖീൻ എന്നും ഇടത്തേതിനു ബോവസ് എന്നും പേർ വിളിച്ചു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy