Online Bible

- Reklamy -

2 ദിനവൃത്താന്തം 15 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവ് വന്നു.

2 അവൻ ആസായെ എതിരേറ്റ് അവനോടു പറഞ്ഞതെന്തെന്നാൽ: ആസായും എല്ലാ യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.

3 യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും, ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;

4 എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.

5 ആ കാലത്ത് പോക്കുവരവിനു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്ക് ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു.

6 ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.

7 എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നു പോകരുത്; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.

8 ആസാ ഈ വാക്കുകളും ഓദേദ്പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദായുടെയും ബെന്യാമീന്റെയും ദേശത്തുനിന്നൊക്കെയും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

9 പിന്നെ അവൻ എല്ലാ യെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽനിന്നും അവരുടെ അടുക്കൽ വന്നു പാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകർ വന്ന് അവനോടു ചേർന്നു.

10 ഇങ്ങനെ അവർ ആസായുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.

11 തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്ന് അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവയ്ക്കു യാഗം കഴിച്ചു.

12 പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്നും

13 ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.

14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടുംകൂടെ യഹോവയോടു സത്യംചെയ്തു.

15 എല്ലാ യെഹൂദ്യരും സത്യം നിമിത്തം സന്തോഷിച്ചു; അവർ പൂർണഹൃദയത്തോടെ സത്യംചെയ്ത് പൂർണതാൽപര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.

16 ആസാരാജാവ് തന്റെ അമ്മയായ മയഖായെയും അവൾ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു കിദ്രോൻതോട്ടിങ്കൽവച്ചു ചുട്ടുകളഞ്ഞു.

17 എന്നാൽ പൂജാഗിരികൾക്ക് യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസായുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.

18 വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.

19 ആസായുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy