2 ദിനവൃത്താന്തം 14 - സത്യവേദപുസ്തകം OV Bible (BSI)1 അബീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി. 2 ആസാ തന്റെ ദൈവമായ യഹോവയ്ക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു. 3 അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു. 4 യെഹൂദായോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു. 5 അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിൽ സ്വസ്ഥമായിരുന്നു. 6 യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു. 7 അവൻ യെഹൂദ്യരോട്: നാം ഈ പട്ടണങ്ങളെ പണിത് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു. 8 ആസായ്ക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെൺപതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 9 അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരേ പുറപ്പെട്ടു മാരേശാവരെ വന്നു. 10 ആസാ അവന്റെ നേരേ പുറപ്പെട്ടു; അവർ മാരേശായ്ക്കു സമീപം സെഫാഥാ താഴ്‌വരയിൽ പടയ്ക്ക് അണിനിരത്തി. 11 ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിനു നേരേ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരേ പ്രബലനാകരുതേ എന്നു പറഞ്ഞു. 12 അപ്പോൾ യഹോവ ആസായുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി. 13 ആസായും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തു കൊണ്ടുപോന്നു. 14 അവർ ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽനിന്ന് ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു. 15 അവർ നാല്ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India