2 ദിനവൃത്താന്തം 10 - സത്യവേദപുസ്തകം OV Bible (BSI)1 രെഹബെയാമിനെ രാജാവാക്കേണ്ടതിനു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു. 2 എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു. 3 അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലാ യിസ്രായേലും വന്നു രെഹബെയാമിനോട്: 4 നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. 5 അവൻ അവരോട്: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. 6 രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. 7 അതിന് അവർ അവനോട്: നീ ജനത്തോടു ദയ കാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോടു നല്ല വാക്ക് പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. 8 എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: 9 നിന്റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്ന് അവരോടു ചോദിച്ചു. 10 അവനോടുകൂടെ വളർന്നിരുന്ന യൗവനക്കാർ അവനോട്: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു: നീ അതു ഭാരം കുറച്ചു തരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോട്: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും. 11 എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിനു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു. 12 മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവ് പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ വന്നു. 13 എന്നാൽ രാജാവ് അവരോടു കഠിനമായിട്ട് ഉത്തരം പറഞ്ഞു; രെഹബെയാംരാജാവ് വൃദ്ധന്മാരുടെ ആലോചന ത്യജിച്ച് 14 യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ അതിനു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു. 15 ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാ മുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു. 16 രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങൾക്ക് എന്തോഹരിയുള്ളൂ? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്ന് ഉത്തരം പറഞ്ഞു. യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. 17 യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായിത്തീർന്നു. 18 പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്ക് മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോയി. 19 ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദുഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India