സങ്കീർത്തനങ്ങൾ 33 - സത്യവേദപുസ്തകം C.L. (BSI)സ്തോത്രഗാനം 1 നീതിനിഷ്ഠരേ, സർവേശ്വരനിൽ ആനന്ദിക്കുവിൻ; അവിടുത്തെ സ്തുതിക്കുന്നതു നീതിമാന്മാർക്കു യുക്തമാണല്ലോ. 2 കിന്നരം മീട്ടി സർവേശ്വരനെ സ്തുതിക്കുവിൻ; പത്തു കമ്പിയുള്ള വീണ മീട്ടി സ്തോത്രഗാനം ആലപിക്കുവിൻ. 3 സർവേശ്വരന് ഒരു പുതിയ പാട്ടുപാടുവിൻ; ആർപ്പുവിളിയോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിൻ. 4 സർവേശ്വരന്റെ വചനം സത്യവും അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്. 5 നീതിയും ന്യായവും അവിടുന്ന് ഇഷ്ടപ്പെടുന്നു; ഭൂമി അവിടുത്തെ അചഞ്ചലസ്നേഹം കൊണ്ടു നിറഞ്ഞിരിക്കുന്നു. 6 തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി. 7 അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴികൾക്ക് അവിടുന്നു കലവറ തീർത്തു. 8 ഭൂമി മുഴുവൻ സർവേശ്വരനെ ഭയപ്പെടട്ടെ; ഭൂവാസികൾ മുഴുവനും അവിടുത്തെ മുമ്പിൽ ഭയഭക്തിയോടെ നില്‌ക്കട്ടെ. 9 അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി. അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി. 10 സർവേശ്വരൻ അന്യജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു; അവരുടെ പദ്ധതികൾ അവിടുന്നു നിഷ്ഫലമാക്കുന്നു. 11 സർവേശ്വരന്റെ പദ്ധതികൾ ശാശ്വതമായിരിക്കും; അവിടുത്തെ നിരൂപണങ്ങൾ എന്നേക്കും നിലനില്‌ക്കും. 12 സർവേശ്വരൻ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്; അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യർ. 13 സർവേശ്വരൻ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു. 14 സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്നു സർവഭൂവാസികളെയും നോക്കുന്നു; 15 അവരുടെ ഹൃദയങ്ങൾ രൂപപ്പെടുത്തിയവൻ; അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു. 16 സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല; സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല. 17 പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യർഥം. അതിന്റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല. 18 സർവേശ്വരൻ തന്റെ ഭക്തന്മാരെയും തന്റെ സുസ്ഥിരസ്നേഹത്തിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു. 19 അവിടുന്ന് അവരെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമകാലത്ത് അവരെ പോറ്റുന്നു. 20 സർവേശ്വരനിൽ നാം പ്രത്യാശയർപ്പിച്ചിരിക്കുന്നു; അവിടുന്നാണ് നമ്മുടെ സഹായവും പരിചയും. 21 നമ്മുടെ ഹൃദയം സർവേശ്വരനിൽ ആനന്ദിക്കുന്നു; നമ്മൾ അവിടുത്തെ വിശുദ്ധനാമത്തിൽ ആശ്രയിക്കുന്നുവല്ലോ. 22 സർവേശ്വരാ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നതുപോലെ; അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേൽ ചൊരിയണമേ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India