സങ്കീർത്തനങ്ങൾ 108 - സത്യവേദപുസ്തകം C.L. (BSI)വിജയത്തിനുവേണ്ടിയുള്ള പ്രാർഥന ഒരു ഗീതം; ദാവീദിന്റെ സങ്കീർത്തനം 1 ദൈവമേ, എന്റെ മനസ്സ് അചഞ്ചലമാണ്, എന്റെ മനസ്സ് അചഞ്ചലമാണ്. ഞാൻ പാടി അങ്ങയെ പ്രകീർത്തിക്കും. എന്റെ ആത്മാവേ, ഉണരുക. 2 വീണയും കിന്നരവും ഉണരട്ടെ. ഞാൻ പ്രഭാതത്തെ പാടിയുണർത്തും. 3 സർവേശ്വരാ, ജനതകളുടെ മധ്യേ ഞാൻ അങ്ങയെ വാഴ്ത്തും. അന്യജനതകളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും. 4 അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതമാണ്. അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. 5 ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. 6 അവിടുത്തെ വലങ്കൈയാൽ എന്നെ രക്ഷിക്കണമേ. എന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളിയാലും; അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ. 7 ദൈവം തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് അരുളിച്ചെയ്തിരിക്കുന്നു. വിജയാഘോഷത്തോടെ ഞാൻ ശെഖേം വിഭജിക്കും. സുക്കോത്ത് താഴ്‌വര എന്റെ ജനത്തിന് അളന്നുകൊടുക്കും. 8 ഗിലെയാദ് ദേശം എനിക്കുള്ളത്; മനശ്ശെയും എൻറേതാണ്; എഫ്രയീം എന്റെ പടത്തൊപ്പിയും, യെഹൂദാ എന്റെ ചെങ്കോലുമത്രേ. 9 മോവാബ് എന്റെ ക്ഷാളനപാത്രം; എദോമിന്മേൽ ഞാൻ എന്റെ ചെരുപ്പെറിയും. ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം കൊള്ളും. 10 കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് ആർ എന്നെ നയിക്കും? 11 ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ? അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടൊത്തു പുറപ്പെടുന്നില്ലല്ലോ. 12 ശത്രുവിനെ നേരിടാൻ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യർഥമാണല്ലോ. 13 ദൈവത്തോടൊത്തു ഞങ്ങൾ സുധീരം പോരാടും. അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടി മെതിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India