Online Bible

- Reklamy -

സദൃശവാക്യങ്ങൾ 9 - സത്യവേദപുസ്തകം C.L. (BSI)


ജ്ഞാനവും ഭോഷത്തവും

1 ജ്ഞാനം എന്നവൾ തനിക്കു വീടു പണിതു; അതിന് ഏഴു തൂണുകൾ സ്ഥാപിച്ചിരിക്കുന്നു.

2 അവൾ മൃഗങ്ങളെ അറുത്തും വീഞ്ഞിൽ സുഗന്ധം കലർത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു.

3-4 പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിൻ’ എന്നു വിളിച്ചുപറയാൻ തന്റെ ദാസിമാരെ അവൾ അയച്ചിരിക്കുന്നു. അവിവേകികളോട് അവൾ പറയുന്നു:

5 “വരിക, എന്റെ അപ്പം തിന്നുകയും ഞാൻ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.”

6 ഭോഷത്തം വെടിഞ്ഞ് ജീവിക്കുക, വിവേകത്തിന്റെ മാർഗത്തിൽ ചരിക്കുക.

7 പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും; ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും.

8 പരിഹാസിയെ ശാസിച്ചാൽ അവൻ നിന്നെ വെറുക്കും; വിവേകിയെ ശാസിച്ചാൽ അവൻ നിന്നെ സ്നേഹിക്കും.

9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവൻ കൂടുതൽ ജ്ഞാനം നേടും; നീതിമാനെ പഠിപ്പിക്കുക, അവന്റെ വിജ്ഞാനം വർധിക്കും.

10 ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം.

11 ജ്ഞാനത്താൽ നിന്റെ ദിനങ്ങൾ പെരുകും; നിന്റെ ആയുഷ്കാലം ദീർഘിക്കും.

12 ജ്ഞാനമുണ്ടെങ്കിൽ അതിന്റെ മേന്മ നിനക്കുതന്നെ; അതിനെ നിന്ദിച്ചാൽ നീ അതിന് ഉത്തരവാദിയാകും.

13 ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിർലജ്ജയും ആകുന്നു.

14 അവൾ തന്റെ വീട്ടുവാതില്‌ക്കലോ പട്ടണത്തിലെ ഉയർന്ന സ്ഥാനങ്ങളിലോ ഇരിക്കുന്നു.

15 തങ്ങളുടെ കാര്യങ്ങൾക്കായി കടന്നുപോകുന്നവരോട് അവൾ വിളിച്ചു പറയും:

16 ‘ബുദ്ധിഹീനരേ ഇതുവഴി വരിക,’ ബുദ്ധിശൂന്യരോട് അവൾ പറയും:

17 ‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’

18 എന്നാൽ മരണം അവിടെ പതിയിരിക്കുകയാണെന്നും അവളുടെ അതിഥികൾ പാതാളത്തിലാണെന്നും അവൻ അറിയുന്നില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy