Online Bible

- Reklamy -

സദൃശവാക്യങ്ങൾ 24 - സത്യവേദപുസ്തകം C.L. (BSI)

1 ദുർജനത്തോട് അസൂയപ്പെടരുത്; അവരുടെകൂടെ കഴിയാൻ ആഗ്രഹിക്കുകയും അരുത്.

2 അവർ അക്രമം ആലോചിക്കുന്നു; അരുതാത്തതു സംസാരിക്കുന്നു.

3 ജ്ഞാനംകൊണ്ടു ഭവനം നിർമ്മിക്കപ്പെടുന്നു; വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു.

4 പരിജ്ഞാനത്താൽ, അമൂല്യവും ഹൃദ്യവുമായ വസ്തുക്കൾകൊണ്ട്, അതിന്റെ മുറികൾ നിറയ്‍ക്കപ്പെടുന്നു.

5 ജ്ഞാനി ബലവാനെക്കാൾ കരുത്തനാകുന്നു. പരിജ്ഞാനമുള്ളവൻ ബലശാലിയെക്കാളും.

6 ജ്ഞാനപൂർവകമായ മാർഗദർശനം ഉണ്ടെങ്കിൽ യുദ്ധം നടത്താം, ഉപദേഷ്ടാക്കൾ വളരെയുള്ളിടത്തു വിജയമുണ്ട്.

7 ജ്ഞാനം ഭോഷന് അപ്രാപ്യമാണ്; നഗരകവാടങ്ങളിൽ വച്ച് അവൻ വായ് തുറക്കുന്നില്ല.

8 തിന്മ ആലോചിക്കുന്നവൻ ദ്രോഹി എന്നു വിളിക്കപ്പെടും.

9 ഭോഷൻ ആലോചിക്കുന്നതെന്തും പാപമാകുന്നു. പരിഹാസിയെ മനുഷ്യൻ വെറുക്കുന്നു.

10 കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവൻ ദുർബലനത്രെ.

11 കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയിൽനിന്നു മോചിപ്പിക്കുക;

12 “ഞാനിത് അറിഞ്ഞില്ല” എന്നു നീ പറഞ്ഞാൽ ഹൃദയം തൂക്കി നോക്കുന്നവൻ സത്യം അറിയാതിരിക്കുമോ? നിന്നെ നിരീക്ഷിക്കുന്നവൻ അതു ഗ്രഹിക്കാതിരിക്കുമോ? അവിടുന്നു പ്രവൃത്തിക്കു തക്ക പ്രതിഫലം അല്ലേ നല്‌കുക?

13 മകനേ, തേൻ കഴിക്കുക; അതു നല്ലതാണല്ലോ; തേൻകട്ട ആസ്വാദ്യകരമാണല്ലോ.

14 ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊൾക. അതു നേടിയാൽ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്റെ പ്രതീക്ഷ തകരുകയില്ല.

15 നീതിനിഷ്ഠന്റെ പാർപ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്. അവന്റെ ഭവനം കൈയേറുകയും അരുത്.

16 നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‌ക്കും; ദുഷ്ടന്മാരെ അനർഥം നശിപ്പിക്കുന്നു.

17 ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നീ ആഹ്ലാദിക്കുകയും അരുത്.

18 അങ്ങനെ ചെയ്താൽ സർവേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനിൽനിന്നു കോപം നീക്കിക്കളയുകയും ചെയ്യും.

19 ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകരുത്; ദുർജനത്തോട് അസൂയപ്പെടുകയുമരുത്.

20 ദുഷ്കർമിക്ക് ഭാവി ഇല്ല. ദുഷ്ടന്റെ ദീപം അണയ്‍ക്കപ്പെടും.

21 മകനേ, സർവേശ്വരനോടും രാജാവിനോടും ഭയഭക്തിയുള്ളവനായിരിക്കുക; അവരെ ധിക്കരിക്കരുത്.

22 അവരിൽനിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും; അവരിൽ നിന്നുണ്ടാകുന്ന വിനാശം ആർക്കറിയാം.


കൂടുതൽ ജ്ഞാനോക്തികൾ

23 ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു; ന്യായം വിധിക്കുമ്പോൾ പക്ഷപാതം നന്നല്ല;

24 ദുഷ്ടനോടു നീ നിർദോഷിയെന്നു പറയുന്നവനെ ജനം ശപിക്കും, ജനതകൾ വെറുക്കും.

25 എന്നാൽ ദുഷ്ടനെ ശാസിക്കുന്നവർക്ക് ഉൽക്കൃഷ്ടമായ അനുഗ്രഹം ഉണ്ടാകും.

26 സത്യസന്ധമായ ഉത്തരം നല്‌കുന്നതു ചുംബനം നല്‌കുന്നതിനു തുല്യം.

27 പുറത്തെ ജോലികൾ ക്രമപ്പെടുത്തുക; വയലിൽ ചെയ്തുതീർക്കേണ്ടതെല്ലാം പൂർത്തിയാക്കുക; പിന്നീടു വീടു പണിയുക.

28 അയൽക്കാരനെതിരെ അകാരണമായി സാക്ഷി നില്‌ക്കരുത്; നിന്റെ വാക്കുകൊണ്ട് അവനെ ചതിക്കരുത്.

29 എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും അവന്റെ പ്രവൃത്തിക്കു ഞാൻ പകരം വീട്ടുമെന്നും പറയരുത്.

30 ഞാൻ മടിയന്റെ കൃഷിസ്ഥലത്തിനരികിലൂടെ, ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി.

31 അവിടം മുഴുവൻ മുൾപ്പടർപ്പു നിറഞ്ഞിരുന്നു; നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു. അതിന്റെ കന്മതിൽ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു.

32 അതുകൊണ്ട് ഞാൻ ആലോചിച്ചു; അതിൽനിന്നു ലഭിച്ച പാഠം ഉൾക്കൊണ്ടു.

33 അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം.

34 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy