Online Bible

- Reklamy -

ഉൽപത്തി 33 - സത്യവേദപുസ്തകം C.L. (BSI)


ഏശാവിനെ അഭിമുഖീകരിക്കുന്നു

1 ഏശാവ് നാനൂറ് ആളുകളുമായി വരുന്നതു ദൂരെനിന്നു യാക്കോബ് കണ്ടു. അപ്പോൾ മക്കളെ ലേയായുടെയും റാഹേലിന്റെയും മറ്റു രണ്ടു ദാസിമാരുടെയും അടുക്കൽ വേർതിരിച്ചു നിർത്തി.

2 ദാസിമാരെയും അവരുടെ മക്കളെയും ഏറ്റവും മുമ്പിലും ലേയായെയും അവളുടെ മക്കളെയും അവരുടെ പിമ്പിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിന്നിലുമായിട്ടാണ് നിർത്തിയത്.

3 യാക്കോബ് അവർക്കു മുമ്പേ നടന്നു. യാക്കോബ് ദൂരെവച്ചു തന്നെ ഏഴു പ്രാവശ്യം ഏശാവിനെ സാഷ്ടാംഗം നമസ്കരിച്ചു.

4 ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവർ ഇരുവരും കരഞ്ഞു.

5 സ്‍ത്രീകളും കുട്ടികളും നില്‌ക്കുന്നതു കണ്ട് അവർ ആരെല്ലാമാണ് എന്ന് ഏശാവ് ചോദിച്ചു. “ദൈവത്തിന്റെ കൃപയാൽ അങ്ങയുടെ ദാസനു നല്‌കിയ മക്കളാണ് ഇവർ” എന്നു യാക്കോബു മറുപടി പറഞ്ഞു.

6 അപ്പോൾ ദാസിമാരും മക്കളും

7 ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്ന് ഏശാവിനെ താണുവണങ്ങി.

8 “ഞാൻ വഴിയിൽവച്ചു കണ്ട മൃഗങ്ങളെയും ഭൃത്യന്മാരെയും എന്തിനാണ് നീ അയച്ചത്?” എന്ന് ഏശാവു ചോദിച്ചപ്പോൾ “അങ്ങയുടെ പ്രീതിക്കുവേണ്ടിയാണ്” എന്നു യാക്കോബ് പ്രതിവചിച്ചു.

9 ഏശാവ് പറഞ്ഞു: “എന്റെ സഹോദരാ, എനിക്കിവയെല്ലാം വേണ്ടുവോളമുണ്ട്; നിന്റെ വകയെല്ലാം നീ തന്നെ സൂക്ഷിച്ചുകൊള്ളുക.”

10 യാക്കോബ് പറഞ്ഞു: “ഒരിക്കലും അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രസാദം തോന്നിയിട്ടുണ്ടെങ്കിൽ എന്റെ ഈ സമ്മാനങ്ങൾ സ്വീകരിക്കണമേ; അങ്ങയുടെ മുഖം കാണുന്നതു ദൈവത്തിന്റെ മുഖം കാണുന്നതിനു തുല്യമാണ്; അങ്ങ് എന്നെ സസന്തോഷം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

11 അങ്ങേക്കു കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനം സ്വീകരിച്ചാലും. ദൈവം എന്നോടു കൃപചെയ്ത് എനിക്കാവശ്യമുള്ളതെല്ലാം നല്‌കിയിട്ടുണ്ട്.” യാക്കോബു തുടർന്നു നിർബന്ധിച്ചതുകൊണ്ട് ഏശാവ് അതു സ്വീകരിച്ചു.

12 ഏശാവു പറഞ്ഞു: “നമുക്കു യാത്ര തുടരാം; ഞാൻ മുമ്പേ പോകാം.”

13 അതിനു യാക്കോബു പറഞ്ഞു: “കുട്ടികൾ നന്നേ ക്ഷീണിച്ചിരിക്കുന്നു. കറവയുള്ള ആടുകളും കന്നുകാലികളും എന്റെ കൂടെയുണ്ട്; അവയുടെ കാര്യവും ഞാൻ നോക്കണമല്ലോ. ഒരു ദിവസം അമിതമായി ഓടിച്ചാൽ അവയെല്ലാം ചത്തുപോകും.

14 അതുകൊണ്ട് അങ്ങ് ഈ ദാസനുമുമ്പേ പോയാലും. കുട്ടികൾക്കും കന്നുകാലികൾക്കും നടക്കാവുന്ന വേഗത്തിൽ അവയെ നടത്തി സേയീരിൽ അങ്ങയുടെ അടുക്കൽ ഞാൻ വന്നുകൊള്ളാം.”

15 ഏശാവു പറഞ്ഞു: “അങ്ങനെയെങ്കിൽ എന്റെ കൂടെയുള്ള ആളുകളിൽ ചിലരെ നിന്റെ കൂടെ നിർത്തിയിട്ടു ഞാൻ പോകാം.” യാക്കോബു പറഞ്ഞു: “അതെന്തിന്? എനിക്കങ്ങയുടെ പ്രീതി മതിയല്ലോ.”

16 അന്നുതന്നെ ഏശാവു സേയീരിലേക്കു മടങ്ങിപ്പോയി.

17 യാക്കോബു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. അവിടെ എത്തിയശേഷം പാർക്കാൻ ഒരു ഭവനവും കന്നുകാലികൾക്കുവേണ്ട തൊഴുത്തുകളും പണിതു. അതുകൊണ്ട് ആ സ്ഥലത്തിനു സുക്കോത്ത് എന്നു പേരുണ്ടായി.

18 യാക്കോബ് പദ്ദൻ-അരാമിൽനിന്നുള്ള മടക്കയാത്ര തുടർന്നു. കനാനിലുള്ള ശെഖേം പട്ടണത്തിനടുത്ത് അദ്ദേഹം സുരക്ഷിതനായി എത്തി; അവിടെ കൂടാരമടിച്ചു പാർത്തു.

19 ശെഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരിൽനിന്നു നൂറു വെള്ളിക്കാശിനു വിലയ്‍ക്കു വാങ്ങിയതായിരുന്നു ആ സ്ഥലം.

20 അവിടെ യാക്കോബ് ഒരു യാഗപീഠം പണിത് അതിന് ഏൽ-എലോഹേ-ഇസ്രായേൽ എന്നു പേരിട്ടു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy