Online Bible

- Reklamy -

ഉൽപത്തി 28 - സത്യവേദപുസ്തകം C.L. (BSI)

1 ഇസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചശേഷം പറഞ്ഞു: “കനാന്യസ്‍ത്രീകളിൽ ആരെയും നീ വിവാഹം ചെയ്യരുത്.

2 പദ്ദൻ-അരാമിൽ നിന്റെ മാതൃപിതാവായ ബെഥൂവേലിന്റെ ഭവനത്തിൽ ചെല്ലുക; നിന്റെ മാതൃസഹോദരനായ ലാബാന്റെ പുത്രിമാരിൽ ഒരുവളെ നീ ഭാര്യയായി സ്വീകരിക്കുക.

3 ഒരു വലിയ ജനസമൂഹം ആകത്തക്കവിധം സർവശക്തനായ ദൈവം നിന്നെ സന്താനപുഷ്‍ടിയും വംശവർധനവും നല്‌കി അനുഗ്രഹിക്കട്ടെ.

4 അവിടുന്ന് അബ്രഹാമിനു നല്‌കിയ അനുഗ്രഹങ്ങൾ നിനക്കും നിന്റെ സന്തതികൾക്കും നല്‌കട്ടെ. ദൈവം അബ്രഹാമിനു നല്‌കിയതും ഇപ്പോൾ നീ പരദേശിയായി പാർക്കുന്നതുമായ ദേശം നിനക്ക് അവകാശമായി നല്‌കട്ടെ.”

5 ഇസ്ഹാക്ക് യാക്കോബിനെ യാത്ര അയച്ചു; അവൻ പദ്ദൻ-അരാമിൽ ലാബാന്റെ അടുക്കലേക്കു പോയി. ലാബാൻ അരാമ്യനായ ബെഥൂവേലിന്റെ പുത്രനും, യാക്കോബിന്റെയും ഏശാവിന്റെയും അമ്മ റിബേക്കായുടെ സഹോദരനും ആയിരുന്നു.


ഏശാവ് മറ്റൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്നു

6 ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും കനാന്യസ്‍ത്രീകളെ വിവാഹം ചെയ്യരുതെന്ന കല്പനയോടെ പദ്ദൻ-അരാമിൽനിന്ന് ഭാര്യയെ തിരഞ്ഞെടുക്കുന്നതിന് അയച്ചതും

7 മാതാപിതാക്കളുടെ അഭീഷ്ടമനുസരിച്ച് യാക്കോബ് പദ്ദൻ-അരാമിലേക്ക് പോയതും ഏശാവ് അറിഞ്ഞു.

8 കനാന്യസ്‍ത്രീകളെ പിതാവിന് ഇഷ്ടമല്ലെന്നു ഗ്രഹിച്ച ഏശാവ് അബ്രഹാമിന്റെ മകനായ

9 ഇശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെക്കൂടി വിവാഹം ചെയ്തു.


യാക്കോബിന്റെ സ്വപ്നം

10 യാക്കോബ് ബേർ-ശേബയിൽനിന്നു ഹാരാനിലേക്കു പുറപ്പെട്ടു;

11 വഴിമധ്യേ ഒരു സ്ഥലത്തു രാപാർത്തു; ഒരു കല്ലെടുത്തു തലയിണയായിവച്ച് ഉറങ്ങാൻ കിടന്നു;

12 ഉറക്കത്തിൽ യാക്കോബ് ഒരു സ്വപ്നം കണ്ടു; ഭൂമിയിൽനിന്നു സ്വർഗംവരെ എത്തുന്ന ഒരു ഗോവണി. അതിലൂടെ ദൈവത്തിന്റെ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.

13 അതിന്റെ മുകളിൽ നിന്നുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമായ സർവേശ്വരനാകുന്നു. നീ കിടക്കുന്ന ഈ സ്ഥലം മുഴുവൻ നിനക്കും നിന്റെ ഭാവിതലമുറകൾക്കും അവകാശമായി നല്‌കും;

14 നിന്റെ സന്തതികൾ ഭൂമിയിലെ മൺതരിപോലെ അസംഖ്യമാകും; അവർ നാനാ ദിക്കിലേക്കും വ്യാപിക്കും; നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.

15 ഞാൻ നിന്റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാൻ നിന്നെ മടക്കിക്കൊണ്ടുവരും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.”

16 യാക്കോബ് ഉറക്കമുണർന്ന് പറഞ്ഞു: “തീർച്ചയായും സർവേശ്വരൻ ഇവിടെയുണ്ട്; “ഞാൻ അതറിഞ്ഞിരുന്നില്ല.”

17 അയാൾ ഭയപ്പെട്ടു: “എത്ര വിശുദ്ധമായ സ്ഥലമാണിത്! ഇതു ദൈവത്തിന്റെ ആലയമാണ്; സ്വർഗകവാടം തന്നെ” എന്നു പറഞ്ഞു.

18 യാക്കോബ് അതിരാവിലെ എഴുന്നേറ്റു; തലയിണയായി ഉപയോഗിച്ചിരുന്ന കല്ല് തൂണായി നാട്ടി; അതിന്റെ മുകളിൽ എണ്ണ പകർന്നു.

19 ആ സ്ഥലത്തിനു ബേഥേൽ എന്നു പേരു വിളിച്ചു. ലൂസ് എന്നായിരുന്നു അതിന്റെ പഴയ പേര്.

20 യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്റെ കൂടെ ഇരിക്കുകയും ഞാൻ പോകുന്ന വഴിയിൽ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്‌കുകയും

21 സമാധാനത്തോടെ എന്റെ പിതാവിന്റെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്താൽ സർവേശ്വരൻ എന്റെ ദൈവമായിരിക്കും.

22 തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിരിക്കും. അവിടുന്ന് എനിക്കു നല്‌കുന്ന എല്ലാ വസ്തുവകകളുടെയും ദശാംശം ഞാൻ അവിടുത്തേക്ക് അർപ്പിക്കുകയും ചെയ്യും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy