2 ദിനവൃത്താന്തം 27 - സത്യവേദപുസ്തകം C.L. (BSI)യോഥാം ( 2 രാജാ. 15:32-38 ) 1 രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു. സാദോക്കിന്റെ പുത്രി യെരൂശാ ആയിരുന്നു മാതാവ്. 2 തന്റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹവും സർവേശ്വരനു ഹിതകരമാംവിധം ജീവിച്ചു. എന്നാൽ പിതാവിനെപ്പോലെ അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽ അതിക്രമിച്ചു കടന്നില്ല. ജനം ദുഷ്പ്രവൃത്തികൾ തുടർന്നുകൊണ്ടിരുന്നു. 3 ദേവാലയത്തിന്റെ വടക്കേ പടിവാതിലും ഓഫേൽ മതിലിന്റെ ഏറിയഭാഗവും അദ്ദേഹം നിർമ്മിച്ചു. 4 യെഹൂദാ മലമ്പ്രദേശത്തു നഗരങ്ങളും കാടു നിറഞ്ഞ മലകളിൽ കോട്ടകളും ഗോപുരങ്ങളും അദ്ദേഹം പണിതു. 5 അദ്ദേഹം അമ്മോന്യരാജാവിനെ യുദ്ധം ചെയ്തു തോല്പിച്ചു. അമ്മോന്യർ യോഥാമിന് ആ വർഷം നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും അത്രയുംതന്നെ ബാർലിയും നല്‌കി. അതുപോലെതന്നെ തുടർന്നുള്ള രണ്ടു വർഷവും കൊടുത്തു. 6 തന്റെ ദൈവമായ സർവേശ്വരനു ഹിതകരമാംവിധം ജീവിതകാര്യങ്ങൾ ക്രമപ്പെടുത്തിയിരുന്നതുകൊണ്ട് അദ്ദേഹം ശക്തനായിത്തീർന്നു. 7 യോഥാമിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹം ചെയ്ത യുദ്ധങ്ങളും ജീവിതരീതിയും ഇസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 8 ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച ആരംഭിച്ച യോഥാം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു. 9 യോഥാം മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ ആഹാസ് പകരം രാജാവായി. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India