Aanlyn Bybel

- Advertensies -

സങ്കീർത്തനങ്ങൾ 148 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

2 അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;

3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.

4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.

5 അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

6 അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.

7 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.

8 തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,

9 പർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

10 മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,

11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,

12 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,

13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.

14 തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Volg ons:



Advertensies