Aanlyn Bybel

- Advertensies -

ഉത്തമഗീതം 1 - സത്യവേദപുസ്തകം OV Bible (BSI)

1 ശലോമോന്റെ ഉത്തമഗീതം.

2 അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.

3 നിന്റെ തൈലം സൗരഭ്യമായത്; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.

4 നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.

5 യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.

6 എനിക്ക് ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുത്. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു; എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.

7 എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നത് എവിടെ? ഉച്ചയ്ക്കു കിടത്തുന്നത് എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻകൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?

8 സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽച്ചുവടു തുടർന്നുചെന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.

9 എന്റെ പ്രിയേ, ഫറവോന്റെ രഥത്തിനു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.

10 നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.

11 ഞങ്ങൾ നിനക്കു വെള്ളിമണികളോടുകൂടിയ സുവർണസരപ്പളി ഉണ്ടാക്കിത്തരാം.

12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.

13 എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മധ്യേ കിടക്കുന്ന മൂറിൻകെട്ടുപോലെയാകുന്നു.

14 എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.

15 എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.

16 എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.

17 നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Volg ons:



Advertensies